This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലപ്പുഴ പാല്‍പ്പായസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്പലപ്പുഴ പാല്‍പ്പായസം

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ നിവേദ്യം. ഇത് ഏര്‍പ്പെടുത്തിയതു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവാണ്.

ചെമ്പകശ്ശേരി രാജാവ് ഒരിക്കല്‍ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പല്‍ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേര്‍ന്ന് അതു മുപ്പത്തിയാറായിരം പറയായി വര്‍ധിച്ചു. രാജാവിനോട് ഋണബാധ്യത തീര്‍ക്കാന്‍ പലപ്രാവശ്യം ബ്രാഹ്മണന്‍ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദര്‍ശനത്തിനു വന്നപ്പോള്‍ 'എന്റെ കടം തീര്‍ക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണന്‍ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരില്‍നിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലില്‍ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുന്‍പ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിര്‍ബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാല്‍ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാന്‍ നിവൃത്തിയില്ലാതെവന്നപ്പോള്‍ ആ ബ്രാഹ്മണന്‍ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവന്‍ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാല്‍പ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അര്‍പ്പിച്ചു.

മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. ചതുരംഗം കളിക്കുന്നതില്‍ ഭ്രമമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജാവ്, തന്നെ തോല്പിക്കുവാന്‍, മറ്റു കളിക്കാരെ വെല്ലുവിളിച്ചു. ഒരു സാധു മനുഷ്യനാണ് ആ വെല്ലുവിളി സ്വീകരിച്ചത്. പന്തയം ഇപ്രകാരമായിരുന്നു: രാജാവു തോറ്റാല്‍ 64 കളങ്ങളുള്ള ചതുരംഗപ്പലകയില്‍ ഒന്നാമത്തേതില്‍ ഒരു നെന്മണി, രണ്ടാമത്തേതില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല് ഇങ്ങനെ ഇരട്ടപ്പെരുക്കത്തില്‍ 64 കളങ്ങളും പൂര്‍ത്തിയാക്കിക്കിട്ടുന്ന നെല്ല് എതിരാളിക്കു കൊടുക്കണം. രാജാവിന് ഇതു നിസ്സാരമായി തോന്നി. കളിയില്‍ രാജാവു തോല്ക്കുകയും എതിരാളി പന്തയത്തുക കണക്കുതെറ്റാതെ നല്കണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു. കളങ്ങളില്‍ പകുതി ആകുന്നതിനു മുന്‍പുതന്നെ അളവു മതിയാക്കേണ്ടിവന്നു. രാജ്യത്തുള്ള നെല്ലു മുഴുവന്‍ കടംവീട്ടാന്‍ നീക്കിവച്ചിട്ടും പന്തയനെല്ലു കൊടുത്തു തീര്‍ക്കുവാന്‍ കഴിവില്ലെന്നു മനസ്സിലാക്കിയ രാജാവിന്റെ അഹങ്കാരം അസ്തമിച്ചു. എതിരാളിയുടെ മുഖത്തു നോക്കിയപ്പോള്‍ പുഞ്ചിരിച്ചുകൊണ്ടു നില്ക്കുന്ന ശ്രീകൃഷ്ണനെയാണു രാജാവിനു കാണുവാന്‍ കഴിഞ്ഞത്. രാജാവ് ക്ഷമായാചനം ചെയ്തു. 'പന്തയം തീര്‍ന്നു; ദിവസം തോറും എനിക്കു പാല്‍പ്പായസം നിവേദിച്ചു കടം വീട്ടുക' എന്നു ഭഗവാന്‍ അരുള്‍ ചെയ്തുവത്രെ.

ചേരുവ. വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകള്‍. ആദ്യകാലങ്ങളില്‍ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്.

പാല് - 71 ലി.

വെള്ളം - 284 ലി.

അരി - 8.91 ലി.

പഞ്ചസാര - 15.84 കി.ഗ്രാം

പാകം ചെയ്യുന്ന വിധം. രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാര്‍പ്പില്‍ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ പാലു ചേര്‍ത്തു സാവധാനത്തില്‍ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോള്‍ അരി ചേര്‍ക്കുന്നു. ഒരു മണിക്കൂര്‍ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കി പകര്‍ന്നെടുത്തു നിവേദിക്കുന്നു.

പ്രത്യേകതകള്‍. കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തില്‍ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തില്‍ തന്നെ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പാല്‍പ്പായസനിവേദ്യം ഉണ്ടെങ്കിലും അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പ്രശസ്തി അവയ്ക്കില്ല.

(ടി.എസ്. കൃഷ്ണയ്യര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍